Thursday, January 20, 2011

ഒരുപ്പൂ

കെ.ജി.ശങ്കരപ്പിള്ള

പൊന്നണിഞ്ഞു നീ തുടുത്ത നാൾ
കൊയ്തെടുത്ത് കെട്ടിയതല്ലേ
നിന്നെ അവൻ ?
മെതിച്ചതല്ലേ
കൊഴിച്ചതല്ലേ
ചെമ്പ് കുട്ടകത്തിൽ പുഴുങ്ങിയതല്ലേ
പൊരിവെയിലിലുറക്കിയതല്ലേ
കുത്തിക്കുത്തി ഉള്ളെടുത്തതല്ലേ
കൊന്നോർക്കും വെന്നോർക്കുമെല്ലാം
അന്നമാക്കി വിളമ്പിയതുമല്ലേ
നിന്നെ അവൻ

എന്നിട്ടുമെന്തിനാ സീതേ
അവൻ വീണ്ടും വരുമ്പോൾ
പ്രിയം നടിക്കുമ്പോൾ
നിലമൊരുക്കുമ്പോൾ
സമ്മതം തൊട്ടു നോക്കുമ്പോൾ
തൊഴിച്ചകറ്റാതെ നീയവനെ
ചിരിച്ചേൽക്കുന്നെ ?

ചിരിയല്ലാതൊരു ക്യഷിയെന്തെൻ ചേച്ചീ
എനിക്കെൻ
കണ്ണീർപ്പാടത്തിനി
വൈകീയറിയാൻ
വല്ലോരുടെയായെൻ വയലെന്ന്

തെരുവ് വിളക്കിൻ കാലുകൾ പോലെ
നെല്ലിൻ ത്ണ്ടുകൾ കിളരും
കതിരുകൾ വിളയും
വയലേലകളിപ്പോഴുമുണ്ടെൻ കനവിൽ
പാലക്കാട്ടും പായിപ്പാട്ടും ത്യശ്ശൂരും...
ഭാഗ്യം
കനവിൽ ഇരുപ്പൂ മുപ്പൂ
വിളവുണ്ടിന്നും

1 comment:

  1. നിന്നെ അവൻ ?
    മെതിച്ചതല്ലേ
    കൊഴിച്ചതല്ലേ
    ചെമ്പ് കുട്ടകത്തിൽ പുഴുങ്ങിയതല്ലേ
    പൊരിവെയിലിലുറക്കിയതല്ലേ
    കുത്തിക്കുത്തി ഉള്ളെടുത്തതല്ലേ
    കൊന്നോർക്കും വെന്നോർക്കുമെല്ലാം
    അന്നമാക്കി വിളമ്പിയതുമല്ലേ
    നിന്നെ അവൻ

    എന്റെ കവിതയുടെ ഗുരുനാഥ
    എന്റെ മനസ്സിലേക്ക് പകര്‍ത്തണം
    ഈ അമ്ലം കിനിയുന്ന നാവിന്റെ രൂപം


    എന്നും തൊട്ടു നമിക്കാന്‍
    ആഞ്ഞൊരു കലിവന്നു മുട്ടുമ്പോള്‍
    സ്വയമൊന്നുരുകാനെങ്കിലും...


    ഇഷ്ടമായി ഒത്തിരി ഒത്തിരി

    ReplyDelete