Saturday, April 9, 2011

റഫീക്ക് അഹമ്മദിന്റെ കവിത കുറി

റഫീക്ക് അഹമ്മദിന്റെ കവിത

കുറി

കറ കളയുവാൻ മരുന്നു വിൽക്കുന്ന
തെരുവിലെ ചേട്ടാ,
ഉടുപ്പിലേക്കെക്സറേ-
തുറുകണ്ണാൽ കുത്തിത്തുളയ്ക്കും ടീച്ചറേ,
തിരക്കടിച്ചിട്ടും വഴക്കടച്ചിട്ടും
ഇടയ്ക്കിടെ പ്രാകിക്കിതയ്ക്കുമെന്നമ്മേ,
കറയല്ല, പ്രിയം നിറഞ്ഞ് വാഴക്കൈ
പുണർന്നു തന്നൊരു
രഹസ്യമാണിത്…

Thursday, April 7, 2011

മുറ്റത്തെ തുളസി


ഇടപ്പള്ളി രാഘവൻപിള്ള


മന്ദിരാങ്കണം തന്നിൽ മഞ്ജുകൽത്തറയ്ക്കുള്ളിൽ
മന്ദമാരുതാശ്ലേഷമേറ്റ്കൊണ്ടോടീടുന്ന

മംഗളേ, വ്യന്ദേ, ദേവീ, മംഗളം; ഭവതിയെൻ
മങ്ങിടും മനസ്സിനു മാറ്റേറ്റമേറ്റീടുന്നു

ഉണ്ടു ഞങ്ങളിൽച്ചിലഭാരതീയാദർശത്തിൻ
തുണ്ടുകളിനി,യെന്നാലൊന്നതു നീ താനല്ലേ ?

കുന്ദാദിലതകളും നന്ദനോദ്യാനത്തിലെ
മന്ദാരദാരുക്കളും മന്ദരാം തവ മുമ്പിൽ;

എത്രയോ ജന്മം പാഴിൽ പോക്കി നീ, നീയായിട്ടി-
ങ്ങെത്തുവാനെന്ന കാര്യമോർക്കുന്നീലവർ തെല്ലും!

പ്രാണവായുവിങ്ങേറ്റം നിന്നിലപ്പാശ്ചാത്യർക്കു
കാണുവാൻ കഴിവാർന്ന കാലത്തിൻ മുമ്പ് തന്നെ

കീർത്തനം ചെയ്തു പോന്നു താവകമാഹാത്മ്യത്തെ-
ക്കീർത്തനീയന്മാരെന്റെ പൂർവ്വികർ പുണ്യാത്മാക്കൾ

മാനസം കുളിർപ്പിക്കും സൂനമോ സുഗന്ധമോ
തേനൊലിപ്പഴങ്ങളോ നിന്നിലി,ല്ലെന്താണതിൽ ?

താവകദലങ്ങളും കൂടവേ വരിഷ്ഠമാം
പൂവുകളായിട്ടല്ലേ ചൊൽവതെ,ന്തതിശ്രേഷ്ഠം ?

പിച്ചകവല്ലി നിത്യം നിന്നെയങ്ങിടയ്ക്കിടെ-
പ്പുച്ഛമായ് നോക്കിക്കൊണ്ടു പുഞ്ചിരിതൂകുന്നുണ്ടാം

അംഗസൗഭാഗ്യം , പക്ഷേ, തെല്ലു തേ കുറഞ്ഞാലു-
മെങ്ങിനെവയ്ക്കുണ്ടാം ദേവി തൻ മനശ്ശുദ്ധി !

നിൻ ഗളം കാഴ്ച്ചവച്ചിട്ടീശ്വരസമ്പ്രീതിയെ
ഞങ്ങളീ നിക്യഷ്ടന്മാർ നാൾക്ക് നാൾ തേടീടുന്നു;

തെല്ലുമില്ലിതിൽത്തെറ്റീബ്ഭാരതാരാമത്തിലെ-
പ്പുല്ലുകൾപോലും പോക്കീ ജീവിതം പരാർഥമായ്;

സ്വാർത്ഥതപ്പിശാചിതൻ ത്യഷ്ണയെക്കെടുത്തുവാൻ
ചോർത്തിടും നരാധമർ സോദരഹ്യദ്രക്തവും !

നന്നിതു; തവ നാമ്പുനുള്ളിയങ്ങെടുത്താലു-
മൊന്നിനു രണ്ടായിട്ടു നാളേ നീയേന്തീടുന്നു;

തങ്കരങ്ങളാൽ നിന്നിൽ തങ്കനീരാളം ചാർത്തും
പങ്കജരമണൻ പോയ് സിന്ധുവിൽപ്പതിക്കുമ്പോൾ

കായസംശംദ്ധിചെയ്തു നിർമ്മല വസ്ത്രം ചാർത്തി
കാർകുഴൽ ചീകിക്കെട്ടിക്കാഞ്ചനസുമം ചൂടി

ലോലമോഹനമായ ഫാലദേശത്തിൻ മധ്യേ
ചാലവേ വിഭൂതിയാൽ നേരിയ കുറിയിട്ടു

പിഞ്ചിളം പ്രായം തന്നിൽ മുത്തശ്ശി ചൊല്ലിക്കേട്ട
നെഞ്ചകം കുളിർത്തിടും കീർത്തനം പാടിപ്പാടി

എത്തിടും നിന്നന്തികേ കൈത്തലംതന്നിൽ കത്തും
കൈത്തിരിയേന്തിക്കൊണ്ടെന്നുത്തമവധൂടിയാൾ

മങ്കയാളതു നിൻ പാദപങ്കജേവച്ചു
കങ്കണാരവം ചിന്നും തൻ കരം രണ്ടും കൂപ്പും

അന്യനു ലഭിക്കയില്ലീദ്യശം ഭാഗ്യം; പാർത്താൽ
ധന്യ നീ, നിന്നോടെനിക്കുണ്ടു, തെല്ലഭ്യസൂയ !