Wednesday, January 19, 2011

മകളേ നീ പാടുമ്പോൾ

ശ്രീകുമാരന് തമ്പി

മകളേ നീ പാടുമ്പോൾ മനമാകെ നിറയുന്നു
എരിവേനൽ പൌർണ്ണമിപ്പാലാകുനു
കവിമാത്രം കാണുന്ന ഗഗനത്തിൽ ശലഭങ്ങൾ
തുടികൊട്ടി; നവരംഗജാലമായി
നിനവിലും കനിവിലും സ്വരരാഗസുധയിലും
ശ്രുതിശുദ്ധി നിലനിർത്തും ധന്യത നീ
തുടരുമെൻ തീർത്ഥാടനത്തിലെ സാന്ത്വന-
ത്തണൽ; അല്ല- നീ തീർത്ഥം തന്നെയല്ലേ ?

മകളേ നീ പാടുമ്പോൾ മാനം തുടുക്കുന്നു
അരികത്ത് മഴ പെയ്യും മണമെത്തുന്നു
പുതുമണ്ണിൽ വാസനത്തിരമാലയണിയുന്ന
ചെറുകാറ്റിൽ മൂളുന്നെൻ ജാലകങ്ങൾ
മറയുന്നീ വീടുമീമുറ്റവും മഴവില്ലിൻ
കല കണ്ട, മയിലാടും താഴ്വരയിൽ
നിറവർണ്ണപ്പീലികൾ വായുവിൽ പുതുശില്പ-
കലയാക്കി മാറ്റുന്നു നിൻസ്വരങ്ങൾ

No comments:

Post a Comment