Wednesday, November 16, 2011

കീരി രോമം - എൻ.പ്രഭാകരൻ

പതിന്നാലു വയസ്സുള്ള പെൺകുട്ടിയെ
പതിനാലുപേർ ചേർന്ന്
ബലാത്സംഗം ചെയ്ത് കൊന്നു
പത്തൊമ്പതുകാരൻ പത്തൊമ്പത്
കോടി രൂപയുടെ വെട്ടിപ്പ് നടത്തി
തെരുവിൽ മൂന്ന് മിനുട്ടിനുള്ളിൽ
മൂന്ന് തവണ ബോംബ് പൊട്ടി
എല്ലാം മുറ പോലെ നടക്കുന്നു

അമ്മയുടെ മ്യതദേഹം ഏറ്റുവാങ്ങാൻ പണമില്ലാതെ
ആശുപത്രി വരാന്തയിൽ ഒരു മകൻ ഏങ്ങലടിച്ച് കരയുന്നു
റോഡിൽ ബൈക്കിടിച്ച് വീണ ഒരാൾ
ആരും ശ്രദ്ധിക്കാനില്ലാതെ മണിക്കൂറുകൾ കിടന്ന്
ചോരവാർന്ന് മരിക്കുന്നു
നഗരത്തിൽ ശരീരം വിൽക്കാനെത്തിയ
നാട്ടിൻപുറത്തെ വ്യദ്ധയെ
അസംത്യപ്തനായ ഒരു കാമാസക്തൻ
കഴുത്ത് ഞെരിച്ച് കൊല്ലുന്നു
എല്ലാം പിന്നെയും പിന്നെയും സംഭവിക്കുന്നു.

കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങാൻ
വിദേശത്തേക്ക് തിരിച്ച നേതാവിനെ
യാത്രയയക്കാൻ
വിമാനത്തവാളത്തിൽ
വമ്പിച്ച തിരക്കായിരുന്നു
തിരക്കിനിടയിലും നൂണുകയറി
അങ്ങോരുടെ കൈപിടിച്ച് കുലുക്കി.

മടക്കയാത്രയിൽ കുഞ്ഞേട്ടനെ ഓർമ്മ വന്നു
കഴിഞ്ഞ രാത്രിയിൽ ആത്മഹത്യ ചെയ്ത
പഴയ വിപ്ലവകാരി
മടുപ്പല്ലാതെ മറ്റൊരു കാരണവുമില്ലത്രെ
ആ കടുംകൈക്ക്
പുതുതലമുറയ്ക്ക്
മോശപ്പെട്ട മാത്യക കാണിച്ചതിൽ
പൊതുവായ ജനരോഷമുണ്ട്
മരണവിവരം തിരക്കിയെത്തുന്നവരെ സ്വീകരിക്കാൻ
ആളെ കൂലിക്ക് നിർത്തി
ഭാര്യയും മക്കളും
സന്നദ്ധസംഘടനാപ്രവർത്തനത്തിനു
പുറത്തേക്ക് പോയിരുന്നു
നേരം കളയാനില്ലാത്തത്കൊണ്ട്
രണ്ടിറ്റ് മാത്രം കണ്ണീർ വാർക്കുകയും
എന്റെ പേരുവിവരം കൂലിക്കാരനെ
എഴുതിയേൽപ്പിക്കുകയും ചെയ്ത്
ഉടനടി ഞാൻ ഇറങ്ങി

ഇപ്പോൾ വീട്ടുവളപ്പിൽ
ഒരു കീരിയുടെ രോമം തേടി നടക്കുകയാണു
ഈയൊരു പ്രവർത്തിയെ ഞാൻ ഇഷ്ടപ്പെടുന്നു

ഒന്നാമതായി ഇതിനു
ഉദ്ദ്യേശങ്ങളേതുമില്ല
രണ്ടാമതായി
അത് കൊണ്ട് തന്നെ
ഇതൊരു സൗന്ദര്യാത്മക കർമ്മമാണു
മൂന്നാമതായി
നാലാമതായി
കീരിരോമം കിട്ടിയില്ലെങ്കിൽത്തന്നെ എനിക്കൊരു
ചുക്കുമില്ല

No comments:

Post a Comment